ഓര്‍മ്മയുടെ ഞരമ്പ്
കെ.ആര്‍.മീര
പാഠവിശകലനം
'ഓര്‍മ്മയുടെ ഞരമ്പ്' അടുത്ത കാലത്ത് വായിച്ച ഏറ്റവും മികച്ച കഥ. എന്തൊരു കൈയൊതുക്കം എന്തൊരു ധ്വനിസാന്ദ്രത! വളരെ ചുരുക്കം വാക്കുകള്‍കൊണ്ട് എത്രയേറെ വ്യഞജിപ്പിക്കുന്നു! ഈ വരണ്ട ഉത്തരാധുനിക കാലാവസ്ഥയിലും എന്‍റെ ഭാഷയിലെ കഥയുടെ പച്ചപ്പ് നഷ്ടപ്പെട്ടിട്ടില്ല എന്നു കാണിച്ചു തന്നതിന് കെ.ആര്‍.മീരയ്ക്ക് നന്ദി. വളരെ വളരെ നന്ദി.
ടി.പത്മനാഭന്‍
''തുരുമ്പു പിടിച്ച വിജാഗിരികള്‍ ഇളകുന്നതുപോലെയായിരുന്നു അവരുടെ ശബ്ധം'' കഥയുടെ തുടക്കം ഇങ്ങനെയാണ്. വ്യദ്ധ സംസാരിച്ചിട്ട് കുറെ കാലമായി എന്നൊ വ്യദ്ധയോട് സംസാരിച്ചിട്ട് കുറേയായി എന്നൊ അര്‍ഥം കല്‍പ്പിക്കാം.ഈ വരികളില്‍ നിന്നും വ്യദ്ധ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ മനസ്സിലാക്കാം. പെണ്‍കുട്ടിയോട് വ്യദ്ധ ചോദിക്കുന്ന ആദ്യചോദ്യം തന്നെ ''കുട്ടി എഴുതുമോ'' എന്നാണ്.ജീവിതത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അടയാളമാണ് എഴുത്ത്.എഴുത്തിന്‍റെ ചരിത്രത്തില്‍ സ്ത്രീക്ക് സ്ഥാനമില്ലായിരുന്നു. ''ചില കറുത്ത മുടിനാരുകള്‍ ഇപ്പോഴും ബാക്കിയുണ്ട്'' ഇവിടെ 'കറുത്തമുടിനാരുകള്‍' സൂചിപ്പിക്കുന്നത് വ്യദ്ധയില്‍ അവശേഷിക്കുന്ന ഓര്‍മ്മകള്‍ ആണ്.
സ്വാതന്ത്ര്യം എന്നാല്‍ ആദ്യകാലത്ത് ദേശസ്വാതന്ത്ര്യം എന്ന അര്‍ത്ഥം മാത്രമാണ് ഉണ്ടായിരുന്നത്. വ്യക്തിസ്വാതന്ത്ര്യമൊ ആവിഷ്ക്കാരസ്വാതന്ത്ര്യമൊ സ്വാതന്ത്ര്യം എന്ന അര്‍ത്ഥത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.അതുകൊണ്ടുതന്നെയാണ് വ്യദ്ധ''അന്നൊക്കെ സ്വാതന്ത്ര്യംന്നു വച്ചാല്‍ എന്താ, എല്ലാവര്‍ക്കും ഭ്രാന്തല്ലേ?'' എന്ന് പറയുന്നത്. ''ആരോ ആരെയൊ മാലയിട്ടു സ്വീകരിക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം കൂട്ടത്തില്‍ മേധാവിത്വഭാവത്തോടെ തലയെടുത്തു നിന്നു'' സ്വാഭാവികമായും ഈഫോട്ടോ ഭര്‍ത്താവിന്‍റെ ആയിരിക്കണം.പൊതുജീവിതത്തില്‍ കാണിച്ച ശ്രദ്ധ അയാള്‍ വ്യക്തിജീവിതത്തില്‍ കാണിച്ചിരുന്നില്ല എന്നതിന് തെളിവാണിത്.
വ്യദ്ധയുടെ ചില ഓര്‍മ്മകള്‍ക്ക് നല്ല തെളിച്ചമുണ്ട്.''അല്‍പ്പരാമെങ്ങടെ തുച്ഛവാടികളിലും കല്പനാസൂനങ്ങള്‍ തന്‍ സൗരഭ്യം....'' പുരുഷന്മാരുടെ സാഹിത്യലോകം മാത്രമല്ല, ഞങ്ങള്‍ക്കും കൊച്ചുപൂന്തോട്ടമുണ്ടെന്നും അതില്‍ ഭാവനകളുടെ പൂക്കള്‍ വിരിയാറുണ്ടെന്നും അതിനും സൗരഭ്യം ഉണ്ടെന്നും വ്യദ്ധ ഈ വരികളിലൂടെ പറയുന്നു.''സരസ്വതി!സാക്ഷാല്‍ സരസ്വതി തന്നെ...'' എന്നതില്‍ നിന്നും വ്യദ്ധയുടെ പേര് സരസ്വതി ആണെന്ന് മനസ്സിലാക്കാം.സരസ്വതി ദേവി വിദ്യാദേവിയാണ്.അതിലുപരി ഒരു സ്ത്രീയാണ്.എന്നിട്ട് പോലും സ്ത്രീകള്‍ക്ക് എഴുതാനുള്ള'' സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ''എപ്പോഴോ കത്തിത്തീര്‍ന്ന.........ഗന്ധമുയര്‍ന്നു'' സ്വയം കത്തിതീര്‍ന്ന് മറ്റുള്ളവരുടെ ജീവിതത്തിന് സുഗന്ധം നല്‍കുന്നത് സ്ത്രീജീവിതങ്ങള്‍ ആണ്.വ്യദ്ധയുടെ ചിന്തകളെയോ ഓര്‍മ്മകളെയോ താളം തെറ്റിക്കാന്‍ ജീവിതത്തിലെ ഒരു കാറ്റിനും കഴിഞ്ഞിട്ടില്ല.''ഈ വീട്ടിലെ ഏറ്റവും വായുസഞ്ചാരമുള്ള മുറി ഇതാണ് എന്ന് പെണ്‍കുട്ടി വിചാരിച്ചു'' പുരോഗമനചിന്തയും സ്വാതന്ത്ര്യവും അതിന്‍റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത് വ്യദ്ധ മാത്രമാണ്.അതുകൊണ്ട് തന്നെ സ്വാതന്ത്ര്യമാകുന്ന വായു അതിര്‍ത്തികളെ ഭേദിച്ചുകൊണ്ട് സഞ്ചരിക്കുന്നു.
''അന്ന് എനിക്ക് വെറും ഒന്‍പത് വയസ്സ്..........ആ സമ്മേളനത്തില്‍ വച്ച് എന്നെ കണ്ടിട്ടാണ് ഇവിടെത്തെയാള്‍'' ഇതില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാം , ശരീരം മാത്രം കണ്ടുകൊണ്ടാണ് വ്യദ്ധയെ അയാള്‍ വിവാഹം ചെയ്തിരിക്കുന്നത്.കവിത കേട്ട് ഇഷ്ടപ്പെട്ടിട്ടാണെങ്കിൽ തുടര്‍ന്നുള്ള ജീവിതത്തില്‍ വ്യദ്ധയെ എഴുതാന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നു.ചുവന്ന ചട്ടയുള്ള പുസ്തകം എന്തിനായിരിക്കും വ്യദ്ധ അന്വേഷിക്കുന്നത്.ഒരു പക്ഷെ അവരെഴുതിയ കഥകള്‍ ആ പുസ്തകത്തിലായിരിക്കാം.യഥാര്‍ത്ഥത്തില്‍ എഴുതിയ ഓരോ കഥകളും അവരുടെ ജീവിതം തന്നെയല്ലെ.ആ കഥകള്‍ എല്ലാം സ്ത്രീജീവിതത്തിന്‍റെ തുടര്‍ച്ചകള്‍ തന്നെയായിരിക്കാം.പുതിയ തലമുറയ്ക്ക് വേണ്ടിയായിരിക്കാം വ്യദ്ധ പുസ്തകം അന്വേഷിക്കുന്നത്.
''ആദ്യത്തെ കഥ എഴുതണ സമയത്ത് ഇവിടെ ഉള്ളാള് ജയിലിലാ''ദേശസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പോലും സ്ത്രീസ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്നില്ല. ''രാവിലെ സീമന്തരേഖയിലിട്ട സിന്ദൂരം.........മെല്ലെ താഴേക്ക് വീണുമരിച്ചു'' വ്യദ്ധയുടെ ജീവിതത്തിന്‍റെ തുടര്‍ച്ചതന്നെയാണ് പെണ്‍കുട്ടിയുടെ ജീവിതവും.അസ്വാതന്ത്ര്യത്തിന്‍റെ ഗന്ധമാണ് ജീവിതത്തില്‍ ഉടനീളം.'സിന്ദൂരം' തീവ്രപ്രണയത്തിന്‍റെ പ്രതീകമാകുമ്പോള്‍ 'വീണുമരിക്കുക 'എന്ന പ്രയോഗം ബന്ധങ്ങളുടെ തകര്‍ച്ചയെ സൂചിപ്പിക്കുന്നു.''അതുകൊണ്ടു തറവാട്ടിലേക്ക് എന്താ പ്രയോജനംന്ന് അമ്മ ചോയ്ക്കും'' പഴയതറവാട്ടിലെ സ്ത്രീജീവിതത്തെ സൂചിപ്പിക്കുന്നു.ജീവിതകാലം മുഴുവനും അകത്തമ്മയായി കഴിയേണ്ടി വരുന്ന ജീവിതങ്ങള്‍.''പെണ്ണായാല്‍ ചോറും കറീം വയക്കണം,പെറണം....'' എല്ലാ കാലത്തും പെണ്ണിന് സമൂഹം കല്പിക്കുന്ന ജീവിതധര്‍മ്മമിതാണ്.ജനനം മുതല്‍ മരണം വരെ അവളില്‍ ഇപ്രകാരം ചങ്ങലകള്‍ തീര്‍ക്കുന്നു.ആണിന്‍റെ അടിമയാണോ പെണ്ണ്?അതാണോ വിവാഹഉടമ്പടി?ഈ ചോദ്യം ആവര്‍ത്തിച്ചുചോദിച്ചുകൊണ്ടേയിരിക്കുന്നു.
''രാമന്‍കുട്ടിക്ക് പേരിട്ടത് ഇവിടുത്തെയാളാ.അവന്‍ രാമനെ പോലെ വളരട്ടെ എന്ന് പറഞ്ഞു''ഹിന്ദുപുരാണങ്ങളിലെ 'ശ്രീരാമന്‍' രാജഭരണത്തിന്‍റെയും അധികാരത്തിന്‍റെയും പുരുഷാധിപത്യത്തിന്‍റെയും പ്രതിരൂപമാണ്.സ്ത്രീകള്‍ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല .''നിനക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ആണെങ്കില്‍ രവീന്ദ്രനാഥനെന്ന് ഇടണം'' വ്യദ്ധ തന്‍റെ ആഗ്രഹത്തെ അടുത്ത തലമുറയിലേക്ക് കൈമാറുകയാണ്.
''ആദ്യത്തെ കഥ സ്വാതന്ത്ര്യസമരത്തിനുവേണ്ടി ജയിലില്‍ പോകുന്ന സ്ത്രീയെക്കുറിച്ചായിരുന്നു'' ചരിത്രമെടുത്തു പരിശോധിക്കുമ്പോള്‍ സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്ത സ്ത്രീകളെ അടയാളപ്പെടുത്തിയിട്ടില്ല എന്ന് കാണാം.''രണ്ടാമത്തെ കഥയ്ക്ക് മേലെ ശ്രീരാമവിജയം എന്നെഴുതി.രണ്ടാമത്തെ കഥയെഴുതുമ്പോള്‍ ഇവിടെത്തെയാള്‍ ഡല്‍ഹീലാ....എം.പിയായിട്ട്...'' ശ്രീരാമന്‍ അയോദ്ധ്യയിലെ രാജാവാകുമ്പോള്‍ സീത അടുത്തുണ്ടായിരുന്നില്ല. രാമന്‍ സീതയെ സംശയത്തിന്‍റെപേരില്‍ ഉപേക്ഷിച്ചതാണല്ലോ.ഒരു സ്ത്രീ ജീവിതത്തില്‍ ഇതിനെക്കാള്‍ വേദന അനുഭവിക്കാന്‍ ഇല്ല.ഭര്‍ത്താവ് എം.പിയാകുമ്പോള്‍ അത് കാണാന്‍ പോലും വ്യദ്ധയ്ക്ക് കഴിഞ്ഞിട്ടില്ല.
സ്ത്രീകള്‍ക്ക് പലപ്പോഴും കുടുംബം പരിപാലിക്കാന്‍ സ്വന്തം ആഗ്രഹങ്ങള്‍ മാറ്റിവെക്കേണ്ടി വരുന്നു.അധികാരത്തില്‍ നിന്ന് സമൂഹം സ്ത്രീയെ അകറ്റിനിര്‍ത്തുന്നു.ഡല്‍ഹിയിലേക്ക് പോകാന്‍ ആഗ്രഹം ഉണ്ടായിട്ടും വ്യദ്ധയ്ക്ക് പോകാന്‍ കഴിയാത്തതിന്‍റെ കാരണം മറ്റൊന്നുമല്ല.എഴുത്തിന്‍റെ അംഗീകാരം പോലും സ്ത്രീകള്‍ക്ക് ലഭിക്കാത്ത കാലത്തിന്‍റെ ശേഷിപ്പാണ് ''ഒരു സാഹിത്യക്കാരി'' എന്ന കഥയും.
കഥയുടെ അവസാനഭാഗത്ത് കടന്നുവരുന്ന കഥാപാത്രമാണ് പത്മാക്ഷി.വ്യദ്ധയോട് പരിഹാസത്തോടെയാണ് പത്മാക്ഷി സംസാരിക്കുന്നത്.പെണ്‍കുട്ടിയോട് സംസാരിക്കുന്നതും അവളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ്.''പുതുപെണ്ണിനെ കാണാന്‍ എല്ലാവര്‍ക്കും ആശ കാണത്തില്ലിയോ?,പെണ്‍കുട്ടി ഒന്നും പറഞ്ഞില്ല''പത്മാക്ഷിയുടെ ചോദ്യത്തിന് പെണ്‍കുട്ടി പ്രതികരിച്ചില്ല.അലങ്കാരങ്ങളില്‍ മുങ്ങി കോലം കെട്ടുന്നതിലുള്ള വിയോജിപ്പ് അവളില്‍ കാണാം.സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയെ നമ്മുക്കവിടെ കാണാം.
മയക്കാന്‍ ശ്രമിക്കുന്ന ഗുളികയെ അതിജീവിച്ച് വ്യദ്ധ ഓര്‍മ്മയുടെ കഥപറച്ചില്‍ തുടരുന്നു.''ദുര്‍മ്മരണം'',''ഞരമ്പ് തെറ്റരുത്...തെറ്റിയാല്‍ ഓര്‍മ്മ പോകും'' വ്യദ്ധ തന്നെത്തന്നെ സ്വയം ഇല്ലാതാക്കാന്‍ ശ്രമിച്ചിരിക്കണം.ആ ശ്രമത്തില്‍ പോലും അവര്‍ പരാജയപ്പെടുകയാണ്.
''എന്താ നോക്കുന്നത്? അര്‍ഹിക്കുന്ന ആദരം കിട്ടാത്ത യജമാനന്‍റെ ഈര്‍ഷ്യയോടെ അയാള്‍ ചോദിച്ചു'' പലപ്പോഴും ഭാര്യാഭര്‍തൃ ബന്ധം അടിമ-ഉടമ ബന്ധമാകുന്നു.ശ്രീജിത്തില്‍ ഉണരുന്നത് ആണഹന്തയും ഉടമസ്ഥതാഭാവവുമാണ്.''ഒരു ഞരമ്പ്'' അവള്‍ വേവലാതിയോടെ പറഞ്ഞു:''ഓര്‍മ്മയുടെ ഞരമ്പ്'' വ്യദ്ധയിലൂടെ പെണ്‍കുട്ടിയില്‍ ഉണ്ടായ ബോധോദയമാണിത്.അവള്‍ കണ്ണാടിയില്‍ തിരയുന്നത് തന്നെത്തന്നെയാണ്.തന്‍റെ അസ്തിത്വത്തെയാണ്.
വ്യദ്ധയുടെ കഥയും ജീവിതവും പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നു.തലമുറകള്‍ മാറുമ്പോഴും പെണ്ണനുഭവങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല.''ഓര്‍മ്മയുടെ ഞരമ്പ്'' ചരിത്രത്തിന്‍റെയും പോരാട്ടത്തിന്‍റെയും ജീവിതത്തിന്‍റെയും ഞരമ്പ് ആകുന്നു.
No comments:
Post a Comment