Saturday, 16 July 2022

സന്ദര്‍ശനം




''പ്രണയം ഇല്ലെങ്കില്‍ ആരാധന എല്ലാം ബാധ്യതയാകും 
  ന്യത്തമെല്ലാം വെറും പ്രവ്യത്തിയാകും
 സംഗീതമെല്ലാം ശബ്ദങ്ങള്‍ മാത്രമാവും
 മാനത്ത് നിന്ന് വരുന്ന മഴ മുഴുവന്‍ കടലില്‍ പതിചെന്നിരിക്കാം
അതില്‍ ഒരു കണികപോലും മുത്തായി മാറുകയില്ല, പ്രണയമില്ലെങ്കില്‍''
                                                
                                                           സൂഫി

                                                                                                            


                                                       സന്ദര്‍ശനം


              ''എന്‍റെ തലമുറയുടെ കവിയാണ്‌ ഞാന്‍''

                                                       

 ബാലചന്ദ്രന്‍ ചുള്ളിക്കാട്


Santharshanam Kavitha- Play





കവിതയുടെ ആശയം

"എല്ലാഹൃദയവും ഒരുനാള്‍ പ്രണയത്തെ കണ്ടെത്തും'' റൂമിയുടെ ഈ വരികള്‍ പോലെ മനോഹരമാണ് പ്രണയവിരഹത്തെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ 'സന്ദര്‍ശനം' എന്ന കവിത.കലാലയകാലതെഴുതിയ കവിതയാണ് സന്ദര്‍ശനമെന്ന് കവി ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

       കുറെനേരമായി സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ കാമുകനും കാമുകിയും പരസ്‌പരം സംസാരിക്കാതെയിരിക്കുകയാണ്.'' മൗനം  കുടിച്ചിരിക്കുന്നു നാം'' എന്ന കാവ്യപ്രയോഗം സൂചിപ്പിക്കുന്നത് ബന്ധങ്ങളുടെ തകര്‍ച്ചയാണ്.ബാലചന്ദ്രന്‍ ചുള്ളിക്കാട് 'മരണവാര്‍ഡ്‌' എന്ന കവിതയില്‍ ''മൗനം  മരണമാകുന്നു''എന്ന് പറയുന്നുണ്ട്. സന്ദര്‍ശകമുറിയില്‍ എന്തെങ്കിലും കുടിച്ചിരിക്കുക എന്ന സാധാരണ അനുഭവത്തെയാണ് കവി മൗനം  കുടിച്ചിരിക്കുക എന്ന സവിശേഷ അനുഭവമാക്കി അവതരിപ്പിക്കുന്നത്‌.സംസാരം പുറത്തേക്കുള്ള ആവിഷ്കാരമെങ്കില്‍ മൗനം തന്നിലേക്ക് തന്നെയുള്ള സഞ്ചാരമാണ്. സന്ധ്യാസമയത്തെ കവി വര്‍ണ്ണിച്ചിരിക്കുന്നത് ''ജീവിതം പോലെ ഈ പകല്‍ വെളിച്ചം പൊലിഞ്ഞുപോകുന്നതും''എന്നാണ്.സന്ധ്യാസമയത്ത് കിളികള്‍ എല്ലാം കൂട്ടിലേക്കണയുകയാണ്.ഓര്‍മയുടെ പക്ഷികളാണ് കൂട്ടിലേക്ക് അണയുന്നത്.പറന്നുനടന്ന ഓര്‍മ്മകള്‍ എല്ലാം ചിറക് മടക്കുകയാണ്.''ചിറകുകള്‍ നനഞ്ഞൊലിക്കുമോർമകൾ കഴുമരത്തിന്മേല്‍ പറന്നിരിക്കുന്നു''കവിയുടെ ജൂണ്‍ എന്ന കവിതയിലെ വരികള്‍ ഇവിടെ ഓര്‍ക്കാം. കാമുകികാമുകന്‍ പരസ്‌പരം ഒന്നുംമിണ്ടാതെ കണ്ണുകളില്‍ നോക്കിയിരിക്കുന്നു.പരസ്‌പരം കണ്ണുകളില്‍ നോക്കിയിരിക്കുമ്പോള്‍ അവര്‍ തങ്ങളുടെ വേദനകള്‍ മറന്നുപോകുന്നു,അവര്‍ സ്വയം മറക്കുന്നു.ഞാന്‍ എന്ന ഭാവം ഇല്ലാതാകുന്നു.വാക്കുകള്‍ക്ക് അതീതമായ ആന്തരികഭാവം ഉള്‍ക്കൊള്ളുന്നു.പ്രണയത്തിന്‍റെ ഓര്‍മകളില്‍ കവിയുടെ നെഞ്ചിടിപ്പുകൂടുന്നു.ശ്വാസം പോലും സംഗീതമാകുന്നു.ജീവിതത്തിന്‍റെ താളം അവസാനിക്കുകയാണ്.

                                   പ്രണയത്തിന്‍റെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.''പൊന്‍ചെമ്പകം പൂത്തകരള്‍'' പ്രണയഭാവത്തിന്‍റെ മൂര്‍ത്തരൂപമാണ്.പൂക്കള്‍ വിരിയുന്നത് വസന്തകാലത്തിലാണ്.പ്രണയം മനസ്സിന്‍റെ വസന്തമാണ്‌.ചെമ്പകം പ്രണയത്തിന്‍റെ പ്രതീകമാണ്.ധാരാളം കവിതകള്‍ തുളുമ്പുന്ന ചുണ്ടുകള്‍ വരണ്ടിരിക്കുന്നു.പ്രണയം വരണ്ടു-
പോയപ്പോള്‍ കവിതയും  വരണ്ടു.''തൊണ്ടയില്‍ പിടയുകയാണോ-
രേകാന്തരോദനം'' എന്ന വരികളിലൂടെ കാമുകന്‍റെ അത്യധികമായ ദു:ഖത്തെയാണ്‌ സൂചിപ്പിക്കുന്നത്.രോദനത്തിന്‍റെ ഏകാന്തത കാമുകന്‍റെ ഏകാന്തതയാണ്.പിടച്ചില്‍,രോദനം ഇവ ചേര്‍ന്നുവരുമ്പോള്‍ അത് മരണപിടച്ചിലിനെ ഓര്‍മിപ്പിക്കുന്നു.

                     കടലിന്‍റെ ആഴങ്ങളിലേക്ക് കടന്നുപോയ ഓര്‍മകളിലേക്ക് ഒരു പുഴപോലെ ഹൃദയരേഖ നീളുകയാണ്.''കനകമൈലാഞ്ചിനീരില്‍ തുടുത്ത വിരല്‍'' പ്രണയകാലത്തെ സൗന്ദര്യത്തെയും സ്പര്‍ശനത്തെയും സൂചിപ്പിക്കുന്നു.ചുവപ്പ് പ്രണയത്തിന്‍റെ നിറമാണ്.''നെടിയകണ്ണിലെ കൃഷ്ണകാന്തങ്ങള്‍തന്‍'' കൃഷ്ണമണിയെ കൃഷ്ണകാന്തമാക്കുന്നതുവഴി കണ്ണിന്‍റെ ആകര്‍ഷണശക്തിയെയാണ് സൂചിപ്പിക്കുന്നത്.സൂര്യകിരണം പ്രണയിനിയുടെകൃപാകടാക്ഷമാണ്.ചില്ല കവിയുടെ വികാരലോകമായി മാറുന്നു.കുങ്കുമത്തരിപുരണ്ട പ്രണയിനിയും ചിദംബരസന്ധ്യയുമെല്ലാം ഓര്‍മകളിലേക്ക് കടന്നുവരികയാണ്.

                                      വര്‍ത്തമാനകാലത്തിലേക്ക് കവി തിരിച്ചുവരുന്നു.നഗരത്തിന്‍റെ അലച്ചിലിലായിരുന്നു കാമുകന്‍.മരണവേഗത്തിലോടുന്ന വണ്ടികള്‍,
നഗരവീഥികള്‍,നിത്യപ്രയാണങ്ങള്‍,സത്രച്ചുമരുകള്‍ എന്നിവയെല്ലാം നാഗരികതയെ സൂചിപ്പിക്കുന്നു.

                      ഇരുളില്‍ ആശ്വാസമായി നിന്‍റെ മുഖം കടന്നുവരുന്നു.അയനം എന്ന വാക്ക് സൂര്യനുമായി ബന്ധപ്പെട്ടതാണ്.സൂര്യനുചുറ്റും അലയുന്നത് ഭൂമിയാണ്‌.കാമുകിയെ സൂര്യനായും കാമുകനെ ഭൂമിയായും സങ്കല്‍പ്പിക്കാം. കടലും പുഴയും കൂടിച്ചേരുന്ന ഭാഗമാണ് അഴിമുഖം.കടലുപോലെ കരയുന്നത് സ്ത്രീയും പുഴപോലെ കരയുന്നത് പുരുഷനുമാണ് എന്നാണല്ലോ പറയുക.കരച്ചിലുകള്‍ കൂടിച്ചേര്‍ന്ന് ഒരു വലിയകരച്ചില്‍ ആകാതെയിരിക്കാന്‍ പരസ്‌പരം നന്ദി പറയാതെ നമ്മുക്ക് പിരിയാം എന്ന് കാമുകന്‍ പറയുന്നു.''നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍'' ഇനിയൊരു കൂടികാഴ്ചയക്ക് സാധ്യതയില്ല എന്നതിനെ സൂചിപ്പിക്കുന്നു.

                                       വര്‍ത്തമാനം-ഭൂതം-വര്‍ത്തമാനം എന്നതാണ് കവിതയുടെ ഘടന.കവിത എഴുതിയിരിക്കുന്നത് കാമുകന്‍റെ ആത്മഭാഷണരീതിയിലാണ്.നിശബ്ദയായി കേള്‍ക്കുന്ന കാമുകിയെയാണ് കവിതയില്‍ കാണുന്നത്.പുരുഷപക്ഷത്തുനിന്നുള്ള കവിതയാണ്  ഇത് എന്ന് പറയുന്നതില്‍ തെറ്റില്ല. 

                                     
                                    ''നിര്‍ത്തൂ ചിലയ്ക്കല്‍
                                      നിനക്കെന്തുവേണം
                                       എന്‍ ദു:ഖങ്ങളോ
                                       ഫണം തീര്‍ത്ത പുല്ലിംഗമോ''
                                          
                                       

                                                                    ഒരു പ്രണയഗീതം







 















1 comment:

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...