Tuesday, 26 July 2022

കളവുപോയ സൈക്കിളും കഴിഞ്ഞുപോയ കാലഘട്ടവും

 കളവുപോയ സൈക്കിളും കഴിഞ്ഞുപോയ കാലഘട്ടവും

                          വിജയകൃഷ്ണന്‍



*മലയാളചലച്ചിത്രസംവിധായകന്‍

*ചലച്ചിത്രനിരൂപകന്‍

കൃതികള്‍

*മലയാളസിനിമയുടെ കഥ

*ലോകസിനിമ

*ചലച്ചിത്രസമീക്ഷ

*മലയാളസിനിമ

*കാലത്തില്‍ കൊത്തിയ ശില്പങ്ങള്‍


ബൈസൈക്കിള്‍ തീവ്‌സ്

1948 ല്‍ വിറ്റോറിയ ഡിസീക്ക സംവിധാനം ചെയ്ത ഇറ്റാലിയന്‍ നവറിയലിസ്റ്റിക് സിനിമയാണ്  ബൈസൈക്കിള്‍ തീവ്സ്.റിച്ചി അന്തോണിയും മകനായ ബ്രൂണോയും കളവുപോയ സൈക്കിളിനുവേണ്ടി  റോമിന്‍റെ തെരുവോരങ്ങളില്‍ നടത്തുന്ന തിരച്ചിലാണ്  ചിത്രത്തില്‍ ആവിഷ്കരിക്കപ്പെടുന്നത്.Luigi bartolini  യുടെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ബൈസൈക്കിള്‍ തീവ്സ്.ഓസ്‌കാര്‍ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.


                                                       വിറ്റോറിയോ ഡിസീക്ക

                                                                  Bicycle Thieves
                                                           


നിയോറിയലിസ്റ്റിക് സിനിമകളുടെ പ്രത്യേകതകള്‍

*സാധാരണക്കാര്‍ തന്നെയാണ് അഭിനേതാക്കള്‍.

*സ്റ്റുഡിയോക്ക് പുറത്ത് ചിത്രീകരിക്കുന്നു.

*കഷ്ടപ്പെടുന്നവരുടെ ജീവിതം തുറന്നുകാട്ടുന്നു.

*കൊച്ചുകുട്ടികള്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്നു.

*ചെലവ് ചുരുക്കി സിനിമകള്‍ ചെയ്യുന്നു.

*സാഹിത്യഭാഷയ്ക്ക് പകരം സ്വാഭാവികഭാഷ  ഉപയോഗിക്കുന്നു.


       പാഠവിശകലനം

  


 രണ്ടാം ലോകയുദ്ധത്തിനുശേഷമാണ്‌ നിയോറിയലിസ്റ്റിക് സിനിമകളുടെ തുടക്കം.1924 മുതല്‍ ഇറ്റലിയുടെ ഭരണാധികാരി മുസ്സോളിനിയായിരുന്നു.മുസ്സോളിനിയുടെ ഭരണകാലത്ത് ആഡംബര ഹോട്ടലില്‍ സെറ്റിട്ടാണ് ചിത്രങ്ങള്‍ ചിത്രീകരിക്കുന്നത്.''വെള്ള ടെലിഫോണ്‍ സിനിമകള്‍'' എന്നാണ് അക്കാലത്തെ സിനിമകള്‍ അറിയപ്പെട്ടിരുന്നത്.

                  രണ്ടാം ലോകയുദ്ധത്തിന്‍റെ  കെടുതികള്‍ (തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, അന്ധവിശ്വാസം) നിയോറിയലിസ്റ്റിക് സിനിമകളില്‍ കാണാം.ജീവിതം തന്നെ സമരമാകുന്ന അവസ്ഥയാണ് ബൈസൈക്കിള്‍ തീവ്സിലുള്ളത്.ജീവിതാവബോധം, നര്‍മ്മബോധം, യഥാര്‍ത്ഥചിത്രീകരണം, യഥാതഥമായ അഭിനയം - ഇങ്ങനെ അക്കമിട്ട് പറയാവുന്ന ഒട്ടേറെ സവിശേഷതകള്‍ കൊണ്ട് ഒറ്റപ്പെട്ടുനില്‍ക്കുന്ന ചിത്രമാണ് ബൈസൈക്കിള്‍ തീവ്സ്.

                


ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നത് റിച്ചിയും ബ്രൂണോയുമാണ്‌.എന്നാല്‍ നിമിഷ നേരത്തേക്ക് കടന്നുവരുന്ന കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്ഥാനമുണ്ട്.റിച്ചിയുടെ ഭാര്യ തന്നെ ഉത്തമോദാഹരണം.മറിയ ഒരു സുപ്രധാന കഥാപാത്രമല്ല. എങ്കില്‍ കൂടി അല്‍പ്പം ചില നിമിഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അവളുടെ ചിത്രം മിഴിവുറ്റതാണ്.ഭര്‍ത്താവിന് ഒരു സൈക്കിള്‍ വാങ്ങുന്നതിനായി വീട്ടിലെ തുണികള്‍ പോലും പണയം വയ്ക്കാനവളെ പ്രേരിപ്പിക്കുന്നത് ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ്.

              ആള്‍ക്കൂട്ടവും ഇതിലെ പ്രധാനപ്പെട്ട കഥാപാത്രമാണ്. എന്തെങ്കിലും ഒരു പണിക്കുവേണ്ടി തടിച്ചുകൂടിയ ജനക്കൂട്ടത്തെയാണ് സിനിമയുടെ തുടക്കത്തില്‍  നാം കാണുന്നത്.റിച്ചി മരിയയുമൊത്ത് ഷീറ്റുകള്‍ പണയം വയ്ക്കാന്‍ ചെന്നപ്പോള്‍ അവിടെയും സ്വന്തമായുള്ളതെല്ലാം പണയം വയ്ക്കാന്‍ വന്ന ആള്‍ക്കൂട്ടത്തെയാണ് കാണുന്നത്.മരിയ കൈനോട്ടക്കാരിയുടെ അടുത്തുചെല്ലുമ്പോള്‍ അവിടെയും വന്നിട്ടുണ്ട് അസംഖ്യം ആളുകള്‍.റിച്ചി കള്ളനെ പിടികൂടുന്നിടത്തുമുണ്ട് ആള്‍ക്കൂട്ടം.സ്വയം നിസ്സാഹായത സഹിച്ചുകൊണ്ട് മറ്റുള്ളവരുടെ നിസ്സാഹായതയെ പരിഹസിക്കുന്നവരാണ് ഇക്കൂട്ടത്തില്‍ എന്നതാണൊരു പ്രത്യേകത.ഒടുവില്‍ റിച്ചി സ്വയം ഒരു കള്ളനായിത്തീരുമ്പോഴും ആള്‍ക്കൂട്ടം അയാളെ വളയുന്നുണ്ട്.പലപ്പോഴും ആള്‍ക്കൂട്ടം റിച്ചിയുടെ ശത്രുപക്ഷത്താണ് ഉള്ളത്.ആള്‍ക്കൂട്ടം അയാളെ ഒറ്റപ്പെടുത്തുന്നു;പരിഹസിക്കുന്നു;ആക്രമിക്കാനൊരുങ്ങുന്നു.ഇങ്ങനെ ഭിന്നഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന കഥാപാത്രമാണ് ആള്‍ക്കൂട്ടം.

                      ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് സൈക്കിള്‍.ദുരിതജീവിതത്തില്‍ നിന്ന് പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തിലേക്കുള്ള ശുഭചിന്തയാണ് സൈക്കിള്‍.ആദ്യം അയാളോട് സൗമനസ്യം കാട്ടുകയും പിന്നീട് അയാളെ പരിഹസിക്കുകയും ചെയ്യുന്ന സൈക്കിളുകള്‍ അന്തരംഗത്തില്‍ അയാളെ പ്രലോഭിപ്പിക്കുകയാണ്.ആവര്‍ത്തനത്തിന്‍റെ അസാധാരണമായ ഒരു താളം ''ബൈസൈക്കിള്‍ തീവ്സ്'' നുണ്ട്.സൈക്കിള്‍ മോഷ്ണത്തില്‍ തുടങ്ങുന്ന ചിത്രം അവസാനിക്കുന്നത് മറ്റൊരു സൈക്കിള്‍ മോഷണത്തിലാണ്.

                  


സിനിമയുടെ അവസാനഭാഗത്ത് അച്ഛനും മകനും കൈകോര്‍ക്കുന്ന നിമിഷത്തിലും മരിച്ചിട്ടില്ലാത്ത പ്രത്യാശ തലമുറകളിലേക്ക് പകരുന്നത് കാണാം.സൈക്കിളിനെക്കാള്‍ വലിയ സ്വത്ത് തന്‍റെ മകനാണെന്ന് റിച്ചിയൊടുവില്‍ തിരിച്ചറിയുന്നു.

                ബൈസൈക്കിള്‍ തീവ്സ് ''സിനിമയിലെ പാവങ്ങള്‍'' എന്നാണ് അറിയപ്പെടുന്നത്.ഒരാളുടെ ജീവിതം മോഷ്ടിച്ച് മറ്റൊരാള്‍ ജീവിക്കുന്ന സാഹചര്യം വ്യക്തമായി ചിത്രത്തില്‍ കാണാം.അപമാനവീകരണം(റിച്ചിയ്ക്ക് മനുഷ്യന്‍ എന്ന നിലയ്ക്ക് എല്ലാ അഭിമാനവും അന്തസ്സും നഷ്ടമാകുന്നു) റിച്ചി എന്ന കഥാപാത്രത്തില്‍ നടക്കുന്നതായി കാണാം.












No comments:

Post a Comment

അവകാശങ്ങളുടെ പ്രശ്നം

 അവകാശങ്ങളുടെ പ്രശ്നം                                പി.പത്മരാജന്‍ കഥാവിശകലനം 'അവകാശങ്ങളുടെ പ്രശ്നം' ഒരു ഫാൻറസിയാണ്.പശ്ചാത്തലംഅയാഥാര...